ചാലക്കുടി: മത്സരത്തിന്റെ മുഴുവൻ ആവേശവും ആരവവും ഉൾകൊള്ളാൻ നഗരസഭ അങ്കണത്തിൽ വലിയ എൽഇഡി സ്ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നു. നാളെ ആദ്യമത്സരം മുതൽ ഫൈനലിന്റെ അവസാന മത്സരവും ആസ്വദിക്കാനുള്ള ഒരുക്കങ്ങൾ നഗരസഭ അങ്കണത്തിൽ പൂർത്തിയാവുന്നുണ്ട്. ഇന്ത്യൻ കോച്ചും ദേശീയ ഫുട്ബോൾ താരവുമായിരുന്ന ടി. കെ. ചാത്തുണ്ണിയുടെ ചരമവാർഷികദിനമായ ജൂൺ 12നാണ് ആദ്യ മത്സരം നടക്കുന്നത്. നാളെ രാവിലെ 7.30ന് നടക്കുന്ന മത്സരത്തിന് ശേഷം ടി.കെ. ചാത്തുണ്ണി അനുസ്മരണം നടക്കും.
ലോകകപ്പ് ഫുട്ബോളിനെ ആവേശപൂർവം വരവേൽക്കാൻ ഇന്നു വൈകീട്ട് 5.30ന് നഗരസഭ അങ്കണത്തിൽ നിന്നും വിളംബര ഘോഷയാത്രയും നടത്തും. ഫുട്ബോൾ ആരാധകരും വിവിധ ടീം ഫാൻസുകളും അണിനിരക്കും.
ലോകകപ്പ് ആവേശത്തിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ
ചെന്ത്രാപ്പിനി: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കിക്കോഫ് കുറിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആവേശക്കടലായി മാറിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു അൺഎയ്ഡഡ് വിഭാഗം. തങ്ങളുടെ ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും ജഴ്സികൾ അണിഞ്ഞ് വിദ്യാർഥികളും അധ്യാപകരും ഒരുമിച്ച് നടത്തിയ വർണാഭമായ ആഘോഷ പരിപാടികൾ ശ്രദ്ധേയമായി.
തോരാതെ പെയ്ത മഴയെ പോലും അവഗണിച്ച് നാസിക് ഡോളിന്റെ ചടുല താളങ്ങൾക്കൊത്ത് വിദ്യാർഥികൾ നൃത്തം ചവിട്ടിയപ്പോൾ സ്കൂൾ പരിസരം മുഴുവൻ ആവേശം നിറഞ്ഞു. ഫുട്ബോൾ പ്രേമത്തിന്റെ അതുല്യ കാഴ്ചകളാണ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത്. വിവിധ രാജ്യങ്ങളുടെ പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും വിദ്യാർഥികൾ ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമായപ്പോൾ അധ്യാപകരും ആവേശത്തോടെ പങ്കുചേർന്നു.
കോഴിക്കോട് എയർപോർട്ട് എസ്ഐ സാന്റോ തട്ടിൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി. സുവീഷ്, പ്രിൻസിപ്പൽ വി.ബി. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.